Arjun Varma R.

Janmadinam

Post type: Book review, Date: 19-August-2020, Language: Malayalam

Author: Vaikom Muhammed Basheer

ആയിരം വാക്കുകളേക്കാൾ ഉച്ചത്തിൽ ഒരു ചിത്രം സംസാരിക്കും എന്നാണു പറയപ്പെടുന്നത്. എന്നാൽ, ചുരുങ്ങിയ വാക്കുകൾ കൊണ്ട് വായനക്കാരന്റെ മനസ്സിൽ ഒരു ചിത്രം വരച്ചിടാൻ കഴിഞ്ഞാലോ? ബേപ്പൂർ സുൽത്താൻ തന്റെ ചെറുകഥകളിലൂടെ ഏറ്റവും കുറഞ്ഞ വാക്കുകൾ കൊണ്ട് വായനക്കാരന് മറക്കാൻ കഴിയാത്ത ചിത്രങ്ങൾ സമ്മാനിക്കുന്നു. ദാരിദ്ര്യത്തിന്റെയും, വിശപ്പിന്റെയും, മോഹങ്ങളുടെയും, മോഹഭംഗങ്ങളുടെയും, ദുരഭിമാനത്തിന്റെയും, അടിച്ചമർത്തലിന്റെയും, ചെറുത്തുനില്പിന്റെയും ഒക്കെ മിഴിവുള്ള ചിത്രങ്ങൾ എത്ര അനായാസമായി ആണ് മനസ്സിലേയ്ക്ക് ഒഴുക്കി വിടാൻ കഴിയുന്നത്. എങ്ങനെയാണോ ഉന്നതമായ ഗിരിശൃംഗങ്ങളിൽ നിന്നും താഴേയ്ക്ക് പുഴ അനുസ്യൂതമായി, ശാന്തമായി ഒഴുകുന്നത് അതുപോലെയാണ് ബഷീറിന്റെ തീക്ഷണങ്ങളായ അനുഭവങ്ങളും അവയിൽ നിന്നുൾക്കൊണ്ട ജീവിതവീക്ഷണവും ഈ കഥകളിലൂടെ വായനക്കാരന്റെ മനസ്സിലേയ്ക്ക് ഒഴുകി വരുന്നത്.

വഞ്ചിക്കപ്പെട്ടു എന്ന ബോധത്താൽ തന്നെ സ്നേഹിച്ച്, സ്വീകരിച്ച മനുഷ്യന് തന്നെ വെറുപ്പാണെന്ന് ചിന്തിക്കുന്ന ശാരദയുടെ കഥയാണ് എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടത്. ഒരു പുരുഷനാൽ വഞ്ചിതയായ സ്ത്രീ നശിച്ചവൾ ആണെന്നും, അവളെ സമൂഹം വെറുക്കാൻ മാത്രമേ പാടുള്ളു എന്നുമുള്ള പാപബോധവും അതുമൂലമുള്ള ആത്മനിരാസവും വെറും ബുദ്ധിമോശമാണെന്ന് കാണിച്ചു തരുന്ന കഥാന്ത്യം. “സെക്കന്റ് ഹാൻഡ്” ഗുഡ്സ് ആണ് തന്റെ പങ്കാളി എന്ന് പറയുന്ന, അവളെ ചതിച്ച കവിയോട്, തനിക്കെല്ലാം അറിയാമെന്ന് പറയുന്ന ഭർത്താവ്. അതുകേട്ട് ചൂളിപ്പോകുന്ന കവി. 1945ൽ കേരളത്തിൽ എഴുതപ്പെട്ട ഒരു പുസ്തകത്തിൽ ഇങ്ങനെയൊക്കെ നമുക്ക് വായിക്കാൻ കഴിയുന്നു എന്നത് തന്നെയാണ് ബഷീർ എന്ന എഴുത്തുകാരന്റെ ഔന്നത്യം. തൊണ്ണൂറുകളിൽ ഇറങ്ങിയ ചില മലയാള സിനിമകളുടെ സംവിധാനകേസരികൾക്ക് ഇതിന്റെ നാലിലൊന്ന് പുരോഗമനം ഉണ്ടായിരുന്നെങ്കിൽ എന്നാശിച്ചു പോയി.

സ്വാതന്ത്ര്യപ്രസ്ഥാത്തിൽ പങ്കെടുത്ത് ജയിലിൽ ആയ വിപ്ലവകാരിക്ക് കത്തയക്കുന്ന, മഠത്തിന്റെ കന്മതിലിനുള്ളിൽ തടവിൽ കഴിയുന്ന കന്യാസ്ത്രീയും ഇതുപോലെ തന്നെ ഒരത്ഭുതമായിരുന്നു. വെയിൽ ഉറയ്ക്കുമ്പോൾ നേർത്ത് നേർത്ത് ഇല്ലാതെ ആകുന്ന കോടമഞ്ഞു പോലെ ആണ് മോഹങ്ങളും, വികാരങ്ങളും കടിച്ചമർത്തി തിരുവസ്ത്രത്തിനുള്ളിൽ കഴിയുന്ന പെണ്ണിന്റെ അവസ്ഥ എന്ന് അരനൂറ്റാണ്ട് മുൻപ് ബഷീർ എഴുതിയിരുന്നു എന്നതും എഴുപതോളം വർഷങ്ങൾക്ക് ശേഷം നീതിക്ക് വേണ്ടി കന്യാസ്ത്രീകൾ സമരം ചെയ്യുന്നു എന്നതും ഒരു സമൂഹം എന്ന നിലയിൽ നമ്മുടെ അധഃപതനമാണ് തുറന്നുകാണിക്കുന്നത്. ഇതേ കഥയിൽ തന്നെ ജയിലിലേക്കും, മനുഷ്യൻ മനുഷ്യനിൽ അടിച്ചേൽപ്പിക്കുന്ന പീഡനങ്ങളിലേയ്ക്കും, വിപ്ലവകാരികളുടെ സ്വാതന്ത്ര്യദാഹത്തിലേയ്ക്കും ചുരുങ്ങിയ വാക്കുകളിലൂടെ നമ്മെ കൂട്ടിക്കൊണ്ട്പോകുന്നു. ഗവണ്മെന്റ് ദൈവമാണോ എന്ന് ചോദിക്കുന്ന, അമ്മച്ചിയോടും അപ്പച്ചനോടും താൻ ഉടൻ തിരിച്ചു വരും എന്ന് പറയണം എന്ന് മറിയാമ്മയ്ക്ക് കത്തെഴുതുന്നു ജോസഫ്, സ്വാതന്ത്ര്യത്തിന്റെ വില അറിയാത്ത ഇന്നത്തെ തലമുറയ്ക്ക് ഒരു പാഠമാണ്.

വിശപ്പ് സഹിക്കവയ്യാഞ്ഞിട്ടും ചായ വേണ്ട എന്ന് ദുരഭിമാനം പറഞ്ഞ ജന്മദിനക്കാരനും, ഡാക്കിട്ടർ വരാതെ പെറൂല്ല എന്ന് വാശിപിടിച്ചു ഐഷുട്ടിയുമൊക്കെ മനസ്സിൽ ഒരേ സമയം ചിരിയും, നൊമ്പരവും ഉണർത്തുന്നു.

ഒരുപാട് ഇഷ്ടപ്പെട്ട സുൽത്താന്റെ മറ്റൊരു പുസ്തകം!