Post type: Book review, Date: 23-May-2020, Language: Malayalam
Author: Lalithambika Antharjanam
കേരളത്തിലെ “നമ്പൂതിരി” സ്ത്രീജനങ്ങളും, ചെറുപ്പക്കാരായ പുരുഷന്മാരും അനുഭവിച്ച യാതനാപൂർണ്ണമായ ജീവിതങ്ങളുടെ നേർക്കാഴ്ച ആണ് ഈ നോവൽ.
“രക്തത്തെ മുലപ്പാലാക്കി മാറ്റുന്ന പ്രകൃതിയുടെ രാസപ്രക്രിയ ആണ് സത്യത്തെ കലയാക്കി മാറ്റുന്ന ഭാവനയിലും നിരന്തരം നടക്കുന്നത് എന്ന് തോന്നുന്നു”
ആമുഖത്തിൽ കഥാകൃത്ത് പ്രതിപാദിച്ച ഈ ഉപമയോട് തുടക്കം മുതലൊടുക്കം വരെ നോവൽ നീതി പുലർത്തുന്നുണ്ട്. മനസ്സിലിരുന്ന് ചൂടുപിടിച്ച പല നേർക്കാഴ്ചകളും, അനുഭവങ്ങളും കാലക്രമത്തിൽ ഈ നോവലിന്റെ കഥാപാത്രങ്ങളും, സംഭവങ്ങളുമായി പരിണമിച്ചതാണെന്ന് വ്യക്തം. ആർക്കുവേണ്ടിയെന്നറിയാതെ വൈദികകർമ്മങ്ങൾ സ്വജീവിതം ഹോമിച്ച് ദിവസവും നിറവേറ്റുന്ന ഉണ്ണി നമ്പൂതിരി, ആ കാലഘട്ടത്തിലെ അഫ്‍ഫൻമാരുടെ പ്രതിനിധിയാണ്. തന്റെ കാലിൽ ബന്ധിക്കപ്പെട്ടിരിക്കുന്നു ചങ്ങല, തന്റെ ശരീരത്തിന്റെ ഭാഗം തന്നെ ആണെന്ന് ധരിക്കുന്ന ശുദ്ധാത്മാവ്. വിശാലമായ ചിന്താമണ്ഡലത്തിൽ നിന്നും ഇരുളടഞ്ഞ നാലുകെട്ടിലേയ്ക്ക് വലിച്ചെറിയപ്പെട്ട തേതിയാവട്ടെ പഴമയും പാരമ്പര്യവുമാണ് ശരി എന്നുറച്ച് വിശ്വസിക്കുന്ന ഒരു പറ്റം ആളുകളുടെ ഇടയിൽപെട്ട പുരോഗമനചിന്തയുടെ പ്രതീകവും. ഇവരെ തമ്മിൽ സംവദിപ്പിക്കുന്ന പ്രായോഗികതയുടെ വക്താവാണ് തങ്കം എന്ന മിസ്സിസ് നായർ. പലപ്പോഴും, തങ്കത്തിന്റെ അസ്തിത്വം തന്നെ ഉണ്ണിയ്ക്ക് തന്റെ യാഥാസ്ഥിതികചിന്താഗതികൾക്ക് വെല്ലുവിളികളാവുന്നത് കാണാം. ബന്ധങ്ങൾക്ക് വേണ്ടി താൻ മാനിക്കുന്ന പാരമ്പര്യത്തെയും, നാട്ടുനടപ്പിനെയും ത്യജിക്കാൻ വരെ അയാളെ പ്രേരിപ്പിക്കുന്നു. തേതിയുടെ ചിന്തകളുടെ വെളിച്ചവും, അവയുടെ ഗുരുത്വവും ഉണ്ണി തിരിച്ചറിയുന്നതും തങ്കത്തിന്റെ വാക്കുകളിലൂടെയാണ്.
നാളെ ഒരു ഭ്രാന്തിച്ചെറിയമ്മയോ, ജലപ്പിശാച് മുത്തശ്ശിയോ ആയേക്കാം എന്ന വിഹ്വലത അലട്ടിയിരുന്ന തേതി, ബന്ധനം ഭേദിച്ച് ഒരുനാൾ പുറത്തുപോകും എന്ന് ഉണ്ണിക്ക് തോന്നിയിരുന്നു എന്നാണ് പിന്നീടുള്ള അയാളുടെ പെരുമാറ്റത്തിൽ നിന്നും എനിക്ക് മനസ്സിലായത്. പക്ഷെ, ഉണ്ണിക്ക് മനസ്സിലാകാതെ പോയി എന്നെനിക്ക് തോന്നിയ ഒരു കാര്യം തേതി ഒരമ്മയാവാൻ ഒരുപാട് കൊതിച്ചിരുന്നു എന്നതാണ്. പിന്നീടുള്ള ജീവിതം അവർ സമുദായത്തിന് വേണ്ടിയും, രാജ്യത്തിന് വേണ്ടിയും ഉഴിഞ്ഞുവയ്ക്കുമ്പോഴും അവരുടെ ജീവിതത്തിലെ ഈ അപൂർണ്ണത അവർക്ക് സ്വസ്ഥത കൊടുക്കുന്നില്ല. പിന്നീട്, ഏതോ മഹാനഗരത്തിൽ നടക്കുന്ന ഒരു സ്വാതന്ത്ര്യ സമരപ്രക്ഷോഭത്തിൽ മരിച്ച് വീഴുന്ന ഒരു കുട്ടിയുടെ ശരീരവും മടിയിൽ കിടത്തി പോലീസിന്റെ അടി കൊള്ളുന്ന ദേവി ബഹനിൽ ഇത് വായനക്കാരന് കാണാനാവും. പിന്നീട്, വിഭജനവേളയിൽ ആശ്രമത്തിൽ അഭയാര്ഥിയായ ഒരു പെൺകുട്ടിക്ക് തന്റെ അശ്രദ്ധ മൂലം ഒരു പിഴവ് പറ്റുന്നതും, അത് മൂലം ജനിച്ച ഒരു കുഞ്ഞിനെ അവൾ സ്വന്തം കൈ കൊണ്ട് കഴുത്ത് ഞെരിച്ച് കൊല്ലുന്നതും അവർ നേരിൽ കാണുന്നു. ഇതുൾപ്പടെ തിക്തമായ അനുഭവങ്ങൾ പലതും ദേവി ബഹൻ എന്ന ഗാന്ധിജിയുടെ അനുയായിൽ നിന്നും അവരെ സുമിത്രാനന്ദ സരസ്വതി എന്ന സർവ്വത്തെയും, സ്വയത്തെയും ത്യജിച്ച സന്യാസിനി ആയി പരിവർത്തനം ചെയ്യുന്നു. എന്നാൽ, അങ്ങനെ ഒരു പരിവർത്തനം സമ്പൂർണമല്ലെന്ന് നോവലിന്റെ അവസാനത്തോടെ മനസ്സിലാകുന്നു. മിസ്സിസ് നായരുടെ മകനെ വാത്സല്യത്തോടെ മോനെ എന്ന് വിളിച്ച് മാറോടണയ്ക്കുന്ന തേതിയേയാണ് അവസാനം കാണാനാവുക. തേതിക്ക് തന്റെ സ്ത്രീത്വത്തിന്റെ ഏറ്റവും ഉദാത്തമായ ഭാവമായ മാതൃത്വം സാക്ഷാത്കരിക്കാൻ സാധിക്കുന്നു എന്ന് വായനക്കാരനെ ബോധ്യപ്പെടുത്തി നോവൽ അവസാനിക്കുമ്പോൾ, ജലപ്പിശാച് മുത്തശ്ശിയ്ക്കും, ഭ്രാന്തി ചെറിയമ്മയ്ക്കും ഒക്കെ വായനക്കാരനോട് അവരുടേതായ കഥകൾ പറയാനുണ്ട്. അത് നോവൽ പറയാതെ പറയുന്നുമുണ്ട്.
കേരളജനത പിന്നിട്ട ഇരുൾവീണ വഴികളിലെവിടെയോ ഉള്ള ഒരു നാഴികക്കല്ലാണ് ലളിതാംബിക അന്തർജനത്തിന്റെ ഈ കൃതി.